സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ അവസാന ഘട്ട ഒരുക്കങ്ങളിൽ രാജ്യം. ആഘോഷങ്ങൾക്ക് പ്രധാന വേദിയാകുന്ന ചെങ്കോട്ട ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചു. പ്രധാനമന്ത്രി പ്രസംഗിക്കുന്നത് ചെങ്കോട്ടയിലായതിനാൽ കനത്ത സുരക്ഷയും ഏർപ്പെടുത്തി.
75 ആമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാഷ്ട്രപതി ഭവൻ, നോർത്ത് സൗത്ത് ബ്ലോക്കുകൾ,പാർലമെൻറ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട അടക്കം എല്ലായിടത്തും ത്രിവർണ്ണ പതാക പാറിക്കളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയർത്തുന്ന ചെങ്കോട്ടയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണുള്ളത്. വീടുകളിൽ പതാക ഉയർത്തുന്ന ഹർ ഘർ തിരംഗ പ്രചാരണം ഇന്നും തുടരും. സംസ്ഥാന തലസ്ഥാനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷ റാലികൾ ഇന്നും നടക്കുന്നതായിരിക്കും.
ഡൽഹിയിലും മറ്റ് പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയാണ് ഉള്ളത്. തലസ്ഥാന നഗരിയായ ഡൽഹിയിൽ മാത്രം 10,000ത്തിലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി പൂർണ ഡ്രസ് റിഹേഴ്‌സൽ നടത്തി കഴിഞ്ഞു. ചെങ്കോട്ടയുടെ പരിസരത്ത് വാഹന ഗതാഗത നിയന്ത്രണമുണ്ട്. അത്യാധുനിക ക്യാമറകളാണ് നിരീക്ഷണത്തിന് സ്ഥാപിച്ചിരിക്കുന്നത്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും സുരക്ഷാ ശക്തമാക്കി.