77-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പതാക ഉയരുന്നതോടൊപ്പം വ്യോമസേനയുടെ അത്യാധുനികമായ രണ്ട് ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആസാദി കാ അമൃത് മഹോത്സവം ആഘോഷങ്ങൾക്ക് ഈ സ്വാതന്ത്ര്യദിനത്തോടെ സമാപനമാകും.
വിവിധമേഖലയിലുള്ള 1,800 പേരാണ് രാജ്യതലസ്ഥാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തിലെ ഈ വർഷത്തെ പ്രത്യേക അതിഥികൾ. ചെങ്കോട്ടയിലെ പൂക്കൾകൊണ്ടുള്ള അലങ്കാരങ്ങളിൽ ഇന്ത്യ ആതിഥ്യംവഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയുണ്ട്. പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതോടൊപ്പം കരസേനാ ബാൻഡിന്റെ ദേശീയഗാനാവതരണവും നടന്നു. മൂന്ന് സേനാവിഭാഗങ്ങളും ഡൽഹി പൊലീസും പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകി. പത്താം തവണയാണ് നരേന്ദ്രമോദി പതാകയുയർത്തുന്നത്.