അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും പെട്ടുപോകുന്ന രോഗികൾക്ക് അതിവേഗം രക്തമെത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ഡ്രോൺ വഴി രക്തമെത്തിക്കുന്ന ‘ഐ ഡ്രോൺ ‘പദ്ധതിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദൂര ആശുപത്രികളിൽ രക്തം കിട്ടാതെ ചികിത്സ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐസിഎംആറിന്റെ നേതൃത്വത്തിലാണ് ഡ്രോൺ വഴി രക്തം കൊണ്ടുപോകുന്നതിന്റെ ട്രയൽ റൺ പൂർത്തിയാക്കിയത്. ആരോഗ്യമേഖലയിൽ ഡ്രോണുകളെ കൂടുതലായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാവുക. അതേസമയം കോവിഡ് രൂക്ഷമായിരുന്ന കാലത്ത് വിദൂര സ്ഥലങ്ങളിൽ വാക്സിനുകൾ എത്തിക്കാൻ ഐ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട വസ്തുക്കളാണ് രക്തവും അനുബന്ധ വസ്തുക്കളും. പരീക്ഷണത്തിൽ ഇവയുടെ താപനില കൃത്യമായി നിലനിർത്താൻ കഴിഞ്ഞു. കൂടാതെ രക്തത്തിനും മറ്റും ഒരു തകരാറും സംഭവിക്കാതെ എത്തിക്കാനും സാധിച്ചുവെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ പറഞ്ഞു. ആംബുലൻസിൽ കൊണ്ടുപോകുന്നത് പോലെ സുരക്ഷിതമാണെന്ന് കണ്ടാൽ ഡ്രോൺ വഴി രക്തമെത്തിക്കുന്നത് രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.