ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയ ഹാര്‍ദ്ദിക് പട്ടേല്‍ ഗുജറാത്തിലെ ജനങ്ങൾക്കായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തില്‍ ഹാര്‍ദ്ദിക് പട്ടേലിന് അതൃപ്തിയുണ്ടായിരുന്നു. ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ഹാർദ്ദിക് പട്ടേൽ ട്വിറ്ററിൽ നിന്ന് നേരത്തെ തന്നെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിവരം ഒഴിവാക്കിയിരുന്നു. കോൺഗ്രസിനോടുള്ള അതൃപ്തി പരസ്യപ്പെടുത്തിയിട്ടും ദിവസങ്ങള്‍ക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ ഹാര്‍ദ്ദിക് എത്തിയിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിൽ ചേർന്നത്.
‘കോൺഗ്രസ് പാർട്ടി വിടാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗുജറാത്തിന് വേണ്ടി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു’-കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ചുകൊണ്ട് ഹാർദ്ദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.