ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷൻ നടപടികൾ മാതൃരാജ്യത്തുതന്നെ പൂർത്തിയാക്കാൻ സാധിക്കുന്ന മക്ക റൂട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമാകാതെ ഇന്ത്യ. ഇതുമൂലം ഹജ്ജ് തീർത്ഥാടകർ ദുരിതമനുഭവിക്കുകയാണ്. തീർത്ഥാടകർക്ക് സൗദിയിലെ ഇമിഗ്രേഷനിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
2019-ൽ ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിക്കുകയും ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയയ്ക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെ പരിഗണിക്കുകയുമായിരുന്നു. എന്നാൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ സാവകാശം വേണ്ടതിനാൽ 2020 മുതൽ നടപ്പാക്കാമെന്നായിരുന്നു അന്ന് ഇന്ത്യയുടെ നിലപാട്. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാത്തതിനേക്കുറിച്ച് ചോദിക്കുമ്പോൾ അധികൃതർ കൈ മലർത്തുകയാണ് ചെയ്യുന്നത്. അതിനാൽ തീർത്ഥാടകർ മണിക്കൂറുകളോളം ക്യു നിന്ന് വേണം വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ.
തീർത്ഥാടകരെ സൗദിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ഇമിഗ്രേഷൻ, കസ്റ്റംസ് നടപടിക്രമങ്ങൾ, പ്രതിരോധ കുത്തിവയ്പ് അടക്കം ആരോഗ്യ നിബന്ധനകൾ പൂർണമാണെന്ന് ഉറപ്പാക്കൽ, എൻകോഡിങ്, തരംതിരിക്കൽ എന്നിവയെല്ലാം സ്വദേശങ്ങളിലെ എയർപോർട്ടിൽ തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണ് മക്ക റൂട്ട്. ഇതുവഴി മക്കയിലും മദീനയിലും തീർത്ഥാടകർ താമസിക്കുന്ന കെട്ടിടവും മുറിയുമെല്ലാം രേഖപ്പെടുത്തിയ സ്റ്റിക്കർ ലഗേജിൽ പതിക്കും. വിമാനമിറങ്ങിയ ഉടൻ ഇ ഗേറ്റിലൂടെ യാത്രക്കാർക്ക് പുറത്തിറങ്ങാം. പ്രത്യേക ബസിൽ തീർത്ഥാടകർ താമസ സ്ഥലത്ത് എത്തുന്നതിന് മുൻപ് മുറിയിൽ ലഗേജ് എത്തിക്കുകയും ചെയ്യും എന്നതാണ് മക്ക റൂട്ടിന്റെ സവിശേഷത.