മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ കീഴടക്കിയ ഗൂഫി പെയിന്റൽ(79) അന്തരിച്ചു. പരമ്പരയിൽ ശകുനിയുടെ കഥാപാത്രത്തെയാണ് ഗൂഫി പെയിന്റൽ അവതരിപ്പിച്ചത്. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
1944 ഒക്ടോബർ 4 ന് പഞ്ചാബിലാണ് ഗൂഫി പെയിന്റൽ ജനിച്ചത്. പ്രശസ്ത ഹാസ്യനടനും സ്വഭാവ നടനുമായ പെയ്ന്റലിന്റെ മൂത്ത സഹോദരനാണ് അദ്ദേഹം. എഞ്ചിനീയറിങ്ങിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്ക് തിരിയുന്നത്. മുംബൈയിലെത്തിയ ശേഷം മോഡലിംങ് രംഗത്തും പ്രവർത്തിച്ചു. 1975-ൽ പുറത്തിറങ്ങിയ റാഫൂ ചക്കർ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദില്ലഗി, ദേശ് പർദേശ്, സുഹാഗ്, ദാവാ, ഖൂം, സമ്രാട്ട് ആന്റ് കോ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1986-ൽ ദൂരദർശന്റെ ബഹാദൂർ ഷാ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ബി.ആർ ചോപ്ര നിർമ്മിച്ച മഹാഭാരതത്തിൽ ശകുനിയായി വേഷമിട്ടു. മഹാഭാരതം വലിയ ജനപ്രീതി നേടിയതോടെ ഗൂഫി പെയിന്റലിന്റെ ശകുനി വേഷവും ശ്രദ്ധേയമായി. ഈ കഥാപാത്രം ഒട്ടേറെ ആരാധകരെയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്.