രാജ്യത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഇടപെടൽ. കൽക്കരി വിതരണം വേഗത്തിലാക്കാനുള്ള നടപടികൾ റെയിൽവേ പ്രഖ്യാപിച്ചു. ഇതിനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകൾ മെയ് 24 വരെ റദ്ദാക്കുമെന്ന് അറിയിച്ചു. കൽക്കരി ട്രെയിനുകളുടെ നീക്കം വേഗത്തിലാക്കാനാണിത്. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ദിവസേന 3500 ടൺ കൽക്കരി താപവൈദ്യുതി നിലയങ്ങളിൽ എത്തിക്കാനാണ് റെയിൽവേയുടെ പദ്ധതി.
രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. ആവശ്യത്തിന് കൽക്കരി സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ കൃത്യമായി പണം അടക്കാത്തതും അനുവദിച്ച കൽക്കരി കൃത്യമായി കൊണ്ടുപോകാത്തതുമാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതെന്നാണ് കേന്ദ്രമന്ത്രിയുടെ വിമർശനം.
വേനൽ കടുത്തതോടെ വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയർന്നിരുന്നു. ബീഹാർ, ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. ജാർഖണ്ഡിൽ ഏഴ് മണിക്കൂർ വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണുള്ളത്. പഞ്ചാബിൽ പതിനഞ്ച് താപനിലയങ്ങളിൽ നാല് എണ്ണത്തിന്റെ പ്രവർത്തനം സ്തംഭിച്ചതായാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന് കെഎസ്ഇബി അറിയിക്കുന്നു. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയിൽ 15 മിനിറ്റാണ് നിയന്ത്രണം. നഗര പ്രദേശങ്ങൾ, ആശുപത്രി ഉൾപ്പെടെയുള്ള സ്ഥലങ്ങളെയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.