ഇ-വിസ സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള യാത്രാ നടപടികൾ ബുദ്ധിമുട്ടിലാവുന്നു എന്ന് റിപ്പോർട്ട്. വിസിറ്റിങ്, ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ സൗദിയിലേക്ക് യാത്രചെയ്യുന്നവരുടെ വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ നൽകണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നത് ആയിരക്കണക്കിന് അപേക്ഷകരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അതേസമയം വിസ ഫെസിലിറ്റേഷൻ സർവിസ് (വിഎഫ്എസ്) ഓഫിസുകളിൽ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയും യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ത്യയിൽ ആകെ ഒൻപത് ഓഫിസുകളാണ് വിഎഫ്എസിനുള്ളത്. കേരളത്തിൽ കൊച്ചിയിലുമാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വിസ നടപടി പൂർത്തിയാക്കാൻ കൊച്ചിയിൽ എത്തേണ്ട അവസ്ഥയാണിപ്പോൾ.
ട്രാവൽ ഏജൻസി വഴി മുംബൈയിലെ സൗദി കോൺസുലേറ്റിലേക്കോ ന്യൂഡൽഹിയിലെ എംബസിയിലേക്കോ അയച്ച് പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിക്കുന്ന രീതിയാണ് വർഷങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ എ ഫോർ സൈസ് പേപ്പറിലെ ബാർകോഡ് സ്കാൻ ചെയ്യണം.
നടപടിക്രമങ്ങളുടെ കാര്യത്തിൽ അവ്യക്തതയിലായിരുന്നു യാത്രക്കാരും ട്രാവൽ ഗ്രൂപ്പുകളും. വിഎഫ്എസിലെത്തി വിരലടയാളം നൽകണമെന്ന പുതിയ വ്യവസ്ഥയാണ് കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചത്. വിഎഫ്എസ് കേന്ദ്രങ്ങൾ വ്യാഴാഴ്ച മുതൽക്കാണ് ഈ നിബന്ധന വെച്ചത്. എന്നാൽ ഇന്ത്യയിലെ സൗദി എംബസിയോ കോൺസുലേറ്റോ ഇങ്ങനെയൊരു നിബന്ധന ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.