ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി കാറുകൾ തകരുകയും ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം നടന്നത്. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു മേൽക്കൂര തകർന്നുവീണത്.
അപകടത്തെ തുടർന്ന് വിമാനത്താവളം ഭാഗികമായി അടച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ടെർമിനൽ ഒന്ന് വഴി രണ്ടു മണിവരെ വിമാന സർവീസ് ഉണ്ടാകില്ലെന്നും രണ്ട്, മൂന്ന്, ടെർമിനൽ വഴി വിമാന സർവീസുകൾ നടത്താനാണ് ശ്രമമെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ വിമാനത്താവളത്തിലെ ടെർമിനലിൻ്റെ പിക്കപ്പ് ആന്റ് ഡ്രോപ്പ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.
റൂഫ് ഷീറ്റും സപ്പോർട്ട് ബീമുകളും തകരുകയായിരുന്നു. ഇരുമ്പ് ബീം വീണതിനേത്തുടർന്ന് കാറിനുള്ളിൽ കുടങ്ങിയയാളെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപ്പു പ്രതികരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും വൈദ്യസഹായവും നൽകുന്നതിന് വേണ്ടി എമർജൻസി ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.