രാഹുൽ ഗാന്ധിയുടെ വയനാട്ടിൽ നടത്തിയ പരാമർശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിംഗ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ പോലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഛത്തീസ്ഗഡ് പൊലീസാണ് നടപടിയെടുത്തത്. രാജസ്ഥാൻ പൊലീസും എംപി രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നീ സംസ്ഥാനങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര അറിയിച്ചു.
ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരോട് ക്ഷമിച്ചതായി കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ ഗാന്ധി പറഞ്ഞത് നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന
രീതിയിൽ സീ ഹിന്ദുസ്ഥാൻ ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിവാദമായതോടെ വാർത്ത പിൻവലിച്ച് സീ ചാനൽ മാപ്പു പറഞ്ഞിരുന്നു. സംഭവത്തിൽ സീ ടി വി ചാനൽ അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്
ഛത്തീസ്ഗഡ് പൊലീസ്. സീ ഹിന്ദുസ്ഥാൻ ചാനൽ അവതാരകൻ രോഹിത് രജ്ഞന്റെ ഗാസിയാബാദിലെ വീട്ടിൽ കോടതി ഉത്തരവുമായി പൊലീസ് സംഘം എത്തിയെന്നാണ് വിവരം.
വ്യാജ വാർത്ത പ്രചരിപ്പിച്ചതിൽ ബിജെപി നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയ്ക്ക് കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാൻ ബിജെപി തയാറാകാത്ത സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.