കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമാ താരങ്ങളുടെ ഫേക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. രശ്മിക മന്ദന, കജോൾ എന്നീ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ടത്. ഈ ഫേക്ക് വീഡിയോകൾ സൃഷ്ടിച്ചവരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
അത്തരത്തിലുള്ള ഡീപ് ഫേക്ക് വീഡിയോകളും സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചരണങ്ങളും സമൂഹത്തിന് ആപത്താണ്. ഇവയ്ക്കെതിരെ കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാൻ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
ഡീപ് ഫേക്ക് വീഡിയോകൾ ഉയർത്തുന്ന ഭീഷണി ഇന്ന് വർധിച്ചു വരുകയാണ്. ഇതിനെതിരെ കർശനവും അടിയന്തിരവുമായ നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇത്തരം വീഡിയോകളുടെ പ്രചാരണം തടയാൻ ഉടൻ തന്നെ സർക്കാർ നിയമ ഭേദഗതികൾ കൊണ്ടുവരും. നിയമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ഡീപ് ഫേക്ക് വീഡിയോകൾ നേരത്തെ കണ്ടെത്താനും നീക്കം ചെയ്യാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഒട്ടുമിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇതിനോടകം തന്നെ ഡീപ് ഫേക്കിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഉള്ളടക്കം കൂടുതൽ ഉത്തരവാദിത്തമുള്ളവയാക്കാൻ അംഗങ്ങൾക്ക് നിർദേശം നൽകാമെന്നും ചോദ്യോത്തര വേളയിൽ അദ്ദേഹം മറുപടി നൽകുകയും ചെയ്തു.