ബീഹാറിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. ഖഗാരിയെയും ഭാഗൽപുരിനെയും ബന്ധിപ്പിച്ച് ഗംഗാനദിക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലമാണ് നടുഭാഗം തകർന്ന് നദിയിലേക്ക് വീണത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
1,717 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലമാണ് തകർന്നത്. പാലത്തിന്റെ മൂന്നടിയോളം ഭാഗം നദിയിൽ മുങ്ങിയെന്നാണ് റിപ്പോർട്ട്. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പാലം അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ശക്തമായ കാറ്റിനെത്തുടർന്ന് പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 2015-ൽ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കണമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആവശ്യപ്പെട്ടു. വിഷയത്തിൽ വിവിധ രാഷ്രീയ പാർട്ടികളും പ്രതികരണവുമായെത്തി. പാലത്തിന്റെ നിർമ്മാണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപണവുമായി നിരവധിപേരാണ് രംഗത്തെത്തിയത്.