അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ പരാമർശവുമായി സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് തെറ്റാണെന്നും ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ ഉചിതമല്ലാത്ത ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ലൈസൻസ് അല്ലെന്നും അതിനാൽ രാംദേവിനെ നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഡോക്ടർമാരെയും അലോപ്പതിയെയും കുറ്റപ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു. യോഗയെ ജനകീയമാക്കിയത് നല്ല കാര്യം തന്നെയാണ്. എന്നാൽ മറ്റ് സംവിധാനങ്ങളെ വിമർശിക്കരുതെന്നും നിങ്ങൾ വിശ്വസിക്കുന്നത് എല്ലാം ശരിയാണെന്ന് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. രാംദേവ് എന്തിനാണ് ഇങ്ങനെ വിമർശിക്കുന്നത്. ഇത്തരം വിമർശനത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വാക്കാൽ പരാമർശിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ ഹർജിയിൽ പതഞ്ജലി ആയുർവേദയ്ക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. അലോപ്പതിയെ അപകീർത്തിപ്പെടുത്തുന്ന പരസ്യങ്ങൾ കാണിച്ചതിൽ വിശദീകരണവും തേടി. ബാബാ രാംദേവിൻ്റേത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യമാണെന്നാണ് കോടതി നിരീക്ഷണം. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മോഡേൺ മെഡിസിനെതിരെ നടക്കുന്ന പ്രചാരണം നിയന്ത്രിക്കണമെന്നായിരുന്നു ഹർജിയിൽ ഐഎംഎയുടെ ആവശ്യം.
വാക്സിനേഷൻ ക്യാംപെയ്നിനും ആധുനിക അലോപ്പതി മരുന്നുകൾക്കുമെതിരെ രാജ്യത്ത് പ്രചാരണം നടക്കുന്നതായാണ് ഐഎംഎയുടെ ആരോപണം. അടുത്തിടെ ബാബ രാംദേവ് വീണ്ടും അലോപ്പതി ചികിത്സാ സമ്പ്രദായത്തെ വിമർശിക്കുകയും ചോദ്യങ്ങൾ ഉയർത്തുകയും അലോപ്പതിയെ നുണകളുടെ രോഗമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ രോഗ ചികിത്സയിൽ നിന്നൊരു മുക്തി അസാധ്യമാണെന്നും പറഞ്ഞിരുന്നു.