ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച്പിടിച്ച അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ആനയെ തുറന്നുവിട്ടത്.
ആനയെ പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാത്ത രീതിയിൽ സംരക്ഷിത വനമേഖലയിലേക്ക് മാറ്റുമെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആനയെ കളക്കാട് കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും, അത്തരമൊരു ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു.
എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നത് തടഞ്ഞെന്നായിരുന്നു വിവരം. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാണ് റബേക്ക പൊതുതാൽപര്യഹർജി നൽകിയത്. അരിക്കൊമ്പനെ എത്രയും പെട്ടെന്ന് തമിഴ്നാട് സർക്കാർ കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നും ആന തമിഴ്നാട് വനംവകുപ്പിന് കീഴിൽ എത്രത്തോളം സുരക്ഷിതനായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.