ഡെലിവറി ആവശ്യങ്ങൾക്കായി മലിനീകരണമില്ലാത്ത വാഹനം ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ച് ആമസോണ്‍. മലിനീകരണ മുക്തമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് ഇതുവഴി ഓൺലൈൻ സെയിൽ പ്ലാറ്റ്ഫോമായ ആമസോൺ ലക്ഷ്യമിടുന്നത്. വാഹനങ്ങളിൽ നിന്ന് പുറന്തള്ളുന്ന കാർബണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള പരിഹാരം ഇലക്ട്രിക് വാഹനങ്ങളാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ ആമസോൺ പരീക്ഷിച്ച് വിജയിച്ച ഗ്ലോബൽ ലാസ്റ്റ്മൈൽ ഫ്ളീറ്റ് പദ്ധതിയാണ് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഡെലിവറി സംവിധാനങ്ങൾ മലിനീകരണ മുക്തമാക്കുന്നതിനായാണ് പൂർണമായും ഇലക്ട്രിക് വാഹനങ്ങളുമായി ഫ്ളീറ്റ് പദ്ധതി ഒരുക്കിയത്. ഇതിനായി ഇന്ത്യയിൽ മഹീന്ദ്രയുടെ സോൺ ഗ്രാന്റ് ഇലക്ട്രിക് ത്രീവീലറുകളാണ് ആമസോൺ എത്തിച്ചിരിക്കുന്നത്.
നിലവിൽ 6,000ലധികം ഇലക്ട്രിക് വാഹനങ്ങളാണ് ആമസോൺ ഉപയോഗിച്ചുവരുന്നത്. 2025-ഓടെ ഇന്ത്യയിൽ ഡെലവറി സേവനങ്ങൾക്കായി 10,000 ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാനാണ് ആമസോൺ ശ്രമിക്കുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. നിലവിൽ ത്രീ വീലർ ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നതെങ്കിലും ഭാവിയിൽ കൂടുതൽ ഫോർ വീലറുകൾ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.