ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 4 മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു. അപകടത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽ നിന്ന് പെട്ടെന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണ് സോജില. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ പറഞ്ഞു. താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണെന്ന് പുറത്ത് വരുന്ന വിവരം. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ഗുരുതരമായി പരുക്കേറ്റ മനോജിനെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റി.