ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതായി കേന്ദ്ര സര്‍ക്കാർ. നിരവധി അവസരം നല്‍കിയിട്ടും സമയപരിധിക്ക് മുമ്പ് ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകളാണ് മരവിപ്പിച്ചത്. പാന്‍ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ജൂണ്‍ 30നാണ് അവസാനിച്ചത്.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാൻ 11.5 കോടി ജനങ്ങളാണ് ബാക്കിയുള്ളത്. കാർഡ് അസാധുവായാല്‍ 30 ദിവസത്തിനുള്ളില്‍ 1,000 രൂപ പിഴ നല്‍കി പാന്‍ കാർഡ് പുതുക്കിയെടുക്കാൻ സാധിക്കും. അസാധുവായ കാലാവധിയിലെ റീഫണ്ടിന് പലിശയുണ്ടാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ 70.24 കോടി പാന്‍ കാര്‍ഡ് ഉടമകളില്‍ 57.25 കോടി ജനങ്ങളും ആധാറുമായി പാൻ കാർഡ് ബന്ധിപ്പിച്ചിട്ടുണ്ട്.
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ആധാര്‍ രേഖകളിലെ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള തീയതി യുഐഡിഎഐ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഇതനുസരിച്ച് പേര്, വിലാസം, വിവാഹം അല്ലെങ്കില്‍ മരണമുണ്ടായവരുണ്ടെങ്കിൽ അവരുടെ വിശദാംശങ്ങള്‍ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.