ആഭ്യന്തര തലത്തിൽ റൂപേ കാർഡ് ഉപയോഗത്തിന് ഇന്ത്യയും യു.എ.ഇയും കരാറിലെത്തി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂസ് ഗോയൽ, അബൂദബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇ അധികൃതരുമായാണ് റൂപേ കാർഡുകൾ സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. ഇതോടെ റൂപേ കാർഡുകൾ യു.എ.ഇയിൽ ഉപയോഗിക്കാൻ അവസരം ഒരുങ്ങി. റൂപേക്ക് തുല്യമായ കാർഡ് യു.എ.ഇ വികസിപ്പിക്കുന്നതോടെ, അതിന് ഇന്ത്യയിലും അനുമതി ലഭിക്കും. വ്യവസായ, സാങ്കേതിക മേഖലകളിലെ സഹകരണത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തി.
ഇന്ത്യയുടെ റൂപേ കാർഡിന് യു.എ.ഇ നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ കരാർ ഇപ്പോൾ മാത്രമാണ് ഒപ്പുവയ്ക്കുന്നത്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ മികച്ച നിരക്കിളവ് ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് നാഷനൽ പേയ്മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ അധികൃതർ നൽകുന്നത്.