ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നശേഷമുളള ആദ്യ കയറ്റുമതി ഉല്‍പ്പന്നങ്ങൾ ദുബായിലെത്തി. ജ്വല്ലറി വ്യാവസായങ്ങൾക്കായി 7500 കോടിയുടെ ആഭരണങ്ങളും രത്നങ്ങളുമാണ് എത്തിയത്. കരാര്‍ അടിസ്ഥാനത്തില്‍ 38 ലക്ഷം രൂപയുടെ നികുതി ഇളവോടെയാണ് ഇറക്കുമതി.
ഈ മാസം ഒന്ന് മുതലാണ് ഇന്ത്യയും യുഎഇയും തമ്മിലുളള സമഗ്ര സാമ്പത്തിക പങ്കാളിത്ത പാക്കേജ് പ്രാബല്യത്തിലായത്. കരാർ പ്രകാരമുള്ള ആദ്യ കയറ്റുമതി വാണിജ്യ സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യമാണ് ഫ്ലാഗ് ഓഫ് ചെയ്തത്. അതേസമയം ഇന്ത്യയിലേക്കും സ്വര്‍ണം കയറ്റുമതി ചെയ്തതായി യുഎഇ രാജ്യാന്തര വ്യാപാര അസിസ്റ്റന്‍റ് സെക്രട്ടറി ജുമ മൂഹമ്മദ് അല്‍ കെയ്ത് പറഞ്ഞു.
കരാര്‍ പ്രകാരം പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍നിന്നുളള 97 ശതമാനം ഉല്‍പ്പന്നങ്ങൾക്കും യുഎഇയില്‍ നിന്നുളള 90 ശതമാനം ഉല്‍പ്പന്നങ്ങൾക്കും നികുതി ഇളവ് ലഭ്യമാകും. നിക്ഷേപ തൊഴില്‍ സാധ്യതകൾ ശക്തിപ്പെടുന്നതിനൊപ്പം വില നിലവാരം ഉയരാതെ പിടിച്ചുനിര്‍ത്തുന്നതിനും പങ്കാളിത്ത കരാര്‍ ഗുണം ചെയ്യും.
അതേസമയം കരാറിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനും വിദേശ നാണ്യം നേടാന്‍ അവസരം ഒരുങ്ങുകയാണ്. കൈത്തറി, കയര്‍ തുടങ്ങി കേരളീയ പരമ്പരാഗത ഉല്‍ന്നങ്ങൾ തീരുവയില്ലാതെ യുഎഇയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കേരളീയ ഉല്‍പ്പന്നങ്ങൾക്ക് ഇടം നേടാന്‍ ഉദാര കയറ്റുമതി നയം ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.