കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിറുത്തിവച്ച് ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. കാനഡയിൽ ഇന്ത്യയിലേക്കുള്ള വിസ സേവനം കൈകാര്യം ചെയ്യൂന്ന ബിഎൽഎസ് ആണ് സർവ്വീസ് സസ്പെൻഡ് ചെയ്തു എന്ന് വെബ്സൈറ്റിലൂടെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയം ഇത് പിന്നീട് സ്ഥീരീകരിച്ചു. ചില വിഷയങ്ങൾ കാരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവയ്ക്കുന്നു എന്നാണ് അറിയിപ്പ്.
ഖലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ എൻഐഎ വേഗത്തിലാക്കിയിട്ടുണ്ട്.
ജസ്റ്റിൻ ട്രൂഡോയുടെ നിലപാട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തൽ. കാനഡ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും അതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് നോക്കികാണുന്നത്. 20 ലക്ഷത്തോളം ഇന്ത്യൻ വംശജർ കാനഡയിലുണ്ട്. മലയാളികൾ അടക്കം 75000 പേർ പ്രതിവർഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്. ട്രൂഡോയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞ ശേഷമാകും ഇന്ത്യയുടെ നിർണായക നീക്കം ഉണ്ടാകുക. ഇന്ത്യയിലെ വിസ സർവ്വീസുകൾ ഈ സാഹചര്യത്തിൽ കാനഡയും സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നിജ്ജാറുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തിൽ ചർച്ചയാക്കാൻ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി.