ഹൈദരാബാദിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചു എന്നത് വ്യാജമെന്ന് സുപ്രിം കോടതി നിയോഗിച്ച സമിതി അന്വേഷണ റിപ്പോർട്ട് നൽകി. പത്ത് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമിതിയുടെ ശുപാർശ. തോക്കുകൾ കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയായിരുന്നു എന്നായിരുന്നു പോലീസ് നൽകിയ റിപ്പോർട്ട്. അത് വിശ്വസനീയമല്ലെന്നും സമിതി പറയുന്നു. സുപ്രിംകോടതി തെലങ്കാന ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി.
കൊല്ലപ്പെട്ട പ്രതികളിൽ നാലിൽ മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. 2019 ഡിസംബറിലായിരുന്നു സംഭവം. നവംബർ 28നായിരുന്നു പീഡനവും കൊലപാതകവും നടന്നത്.സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. വീട്ടിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
യുവതിയെ ബലാത്സംഗം ചെയ്ത് തീവച്ചുകൊന്ന ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെയാണ് പോലീസ് വെടിവച്ചുകൊന്നത്. അപ്പോൾ തന്നെ വ്യാജ ഏറ്റുമുട്ടലാണെന്ന തരത്തിൽ ആരോപണമുയർന്നിരുന്നു.