പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിൽസാ പിഴവുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി തങ്കം ആശുപത്രി. ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും ബന്ധുക്കളുടെ അനുമതിയോടെയാണ് കുഞ്ഞിനെ സംസ്കരിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും അന്വേഷണത്തിൽ പിഴവുണ്ടായാൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നുമാണ് ഐശ്വര്യയുടെ കുടുംബത്തിന്റെ നിലപാട്.
ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പൊലീസ് ആരോഗ്യ വകുപ്പിന് കത്ത് നൽകി. വിദഗ്ധ സംഘം ഉടൻ രൂപീകരിച്ച് കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഉറപ്പുനൽകി.
മതിയായ ചികിത്സ നൽകിയെന്ന ആശുപത്രിയുടെ വാദം അംഗീകരിക്കാനാകില്ലെന്നാണ് ഐശ്വര്യയുടെ ബന്ധുക്കൾ പ്രതികരിക്കുന്നത്. ‘ഡോക്ടർമാർക്ക് പിഴവുണ്ടായിട്ടുണ്ട്. ചികിൽസയുടെ വിവരങ്ങൾ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ സംസ്കരിച്ചതും ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്തതും പിന്നീടാണ് അറിയിക്കുന്നത്.’ ഐശ്വര്യയുടെ ബന്ധു പറയുന്നു.
തങ്കം ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കെതിരെയാണ് സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തുടർ നടപടി സ്വീകരിക്കുക. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടാൽ നിയമപരമായ വഴികൾ തേടുമെന്നും സമരം ചെയ്യുമെന്നും ഐശ്വര്യയുടെ കുടുംബം ആവർത്തിച്ചു.