കാറില്‍ മോഷണം ആസൂത്രണം ചെയ്ത മൂന്നംഗ സംഘത്തെ കുടുക്കിയത് കുതിര പെട്രോളിംഗ് നടത്തിയ പൊലീസ് സംഘം. ദുബൈ മൗണ്ടഡ് പൊലീസ് സ്റ്റേഷനിലെ ക്യാപ്റ്റൻ യൂസഫ് മുഹമ്മദ് അല്‍ മുല്ലയും ഫസ്റ്റ് ലെഫ്റ്റനെന്റ് അഹ്മദ് റാശിദ് അല്‍ കഅബിയുമാണ് മോഷ്ടാക്കളെ പിടികൂടിയത്. റാഷിദിയ സ്റ്റേഷന് പരിധിയിലാണ് സംഭവം.
പെട്രോളിംഗിനിടെ സംശയാസ്പദ രീതിയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. പിന്നിട് കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോൾ ട്രാഫിക് സംവിധാനവുമായി യോജിക്കുന്നതല്ലെന്ന് മനസ്സിലാക്കി. കൂടുതല്‍ പരിശോധനയ്ക്ക് തയ്യാറെടുക്കുമ്പോൾ സംഘം കടന്നുകളായാന്‍ ശ്രമിച്ചു. എന്നാല്‍ കണ്ട്രോൾ വിഭാഗത്തിന്റെ സഹായത്തോടെ സംഘത്തെ പിടികൂടുകയായിരുന്നു.
മൂന്ന് ഏഷ്യക്കാരാണ് കാറിലുണ്ടായിരുന്നത്. മോഷണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളും വ്യാജ വാഹന നമ്പര്‍ പ്ളേറ്റുകളും 29 കുപ്പി ലഹരി പാനീയങ്ങളും കാറില്‍നിന്ന് കണ്ടെടുത്തു. മോഷണത്തിനായി പദ്ധതി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലായതെന്ന് പൊലീസ് സൂചിപ്പിച്ചു. മോഷ്ടാക്കളെ പിടികൂടിയ ഉദ്യോഗസ്ഥരെ ഉന്നത പൊലീസ് അധികാരികൾ അഭിനന്ദിച്ചു.