തൈര് പാക്കറ്റുകളില്‍ ഹിന്ദിയിൽ പേര് ചേര്‍ക്കണമെന്ന നിര്‍ദേശം പിന്‍വലിച്ചു. ‘ദഹി’ എന്ന് നിര്‍ബന്ധമായി എഴുതേണ്ടെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു. ‘CURD’ എന്നെഴുതി ഒപ്പം പ്രാദേശിക വാക്കും ചേര്‍ത്താൽ മതി. കര്‍ണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം.
ഭാഷാസ്നേഹികളായ ജനങ്ങള്‍ക്കെതിരായ ഈ നീക്കം അനുവദിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര നിര്‍ദേശത്തിനെതിരെ ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആഭ്യന്തര മന്ത്രിഅമിത് ഷായ്ക്ക് കത്തയച്ചിരുന്നു.
തൈര് പാക്കറ്റില്‍ ഇനിമുതൽ ദഹി എന്നെഴുതണമെന്നും പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ ബ്രാക്കറ്റില്‍ മതിയെന്നുമായിരുന്നു കേന്ദ്ര നിര്‍ദേശം. ഇതോടെ തമിഴ് വാക്കായ തൈര്‍ ബ്രാക്കറ്റിലും ദഹി ഒന്നാമതുമായി വരും. തൈരില്‍ ഹിന്ദി കലര്‍ത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് എം.കെ സ്റ്റാലിന്‍ അറിയിച്ചത്. മാതൃഭാഷയെ അവഹേളിക്കുന്നവരോട് സന്ധിയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പുതിയ നിര്‍ദേശത്തിനെതിരെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കത്തയച്ചിരുന്നു. തൈരിനെ ദഹിയാക്കി മോസാരുവെന്ന കന്നഡ വാക്ക് ബ്രാക്കറ്റിലാക്കാനുള്ള ശ്രമത്തിനെതിരെ കര്‍ണാടകയിലും പ്രതിഷേധമുയര്‍ന്നു.