തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിലെ ശുചിമുറിയില്‍നിന്ന് അണുനാശിനി കഴിച്ചതായാണ് സംശയം. ദേഹാസ്വാസ്ഥ്യണ്ടാവുകയും ശര്‍ദ്ദിക്കുകയും ചെയ്തതിനെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി.
വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഞായറാഴ്ച ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യംചെയ്യലിനിടെയാണ് ഗ്രീഷ്മ കൊലപാതക കുറ്റം സമ്മതിച്ചത്. കാമുകനായ ഷാരോണ്‍ രാജിന് കഷായത്തില്‍ വിഷം കലക്കി നല്‍കിയെന്നാണ് കുറ്റസമ്മതം. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്താനുളള നീക്കങ്ങൾ നടത്തവെയാണ് കസ്റ്റഡിയില്‍ ആത്മഹത്യാശ്രമം ഉണ്ടായത്.
ഗ്രീഷ്മ പലതവണ ഷാരോണിനെ വകവരുത്താന്‍ നീക്കം നടത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഷാരോണിന്‍റെ ബന്ധുക്കളുടെ മൊഴി അനുസരിച്ച് ഒരുമാസം മുമ്പും ജ്യൂസ് കുടിച്ച ശേഷം ഷാരോണിന് ശര്‍ദ്ദില്‍ അനുഭവപ്പെട്ടിരുന്നു. അന്നും ഗ്രീഷ്മയ്ക്കൊപ്പമാണ് ഷാരോണ്‍ ജ്യൂസ് കഴിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
ഒക്ടോബര്‍ 14ന് ഷാരോണിനെ തന്ത്രപൂര്‍വ്വം ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് തന്ത്രപൂര്‍വ്വം കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി. കയ്പുണ്ടെന്ന് പറഞ്ഞതോടെ ജ്യൂസും നല്‍കി. തുടര്‍ന്ന് അവശനിലയിലായ ഷാരോണ്‍ ആശുപത്രിയില്‍ മരണമടയുകയായിരുന്നു.
ഷാരോണ്‍ ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്നെന്നും ഇരുവരും പളളിയില്‍ പോയി കുങ്കുമം ചാര്‍ത്തിയിരുന്നെന്നും ഷാരോണിന്‍റെ ബന്ധുക്കൾ പറയുന്നു. മരണക്കിടക്കിയില്‍ ആയിരുന്നപ്പോഴും ഗ്രീഷ്മ ചതിക്കില്ലെന്ന ഉറപ്പാണ് ഷാരോണിന് ഉണ്ടായിരുന്നത്. ആരോഗ്യനില വഷളായപ്പോൾ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. എന്നാല്‍ ഷാരോണിന്‍റെ മരണത്തോടെ പുറത്തുവന്ന തെളിവുകളില്‍ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു.