യുവാവിനെ ഗുണ്ടാസംഘം മർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു.ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് സംഭവം. തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിർത്തി മർദിച്ച് ബീഫ് ഫ്രൈ തട്ടിയെടുക്കുകയായിരുന്നു. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു (26)വിനാണ് മർദ്ദനമേറ്റത്. വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ദേശീയപാതയിൽ മറുതമുക്കിനു സമീപത്തെ തട്ടുകടയിൽ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ വിഷ്ണുവിനെ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ കുളിര് വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (29), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് (30) എന്നിവർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു.അതിനുശേഷം ഇവർ കാറിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വിഷ്ണു എതിർത്തപ്പോഴാണ് മർദ്ദനമേറ്റത്. വിഷ്ണു ഹരിപ്പാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ പൊലീസ് പിടികൂടി. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാം കുമാർ, എസ്ഐ ഗിരീഷ്, സിപിഒമാരായ എ.നൗഷാദ്, അനീഷ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.