ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശിയായ പത്മകുമാർ അടക്കം മൂന്ന് പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞു. ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെയും സഹോദരനെയും ക്യാമ്പിൽ കൊണ്ട് വന്നാണ് തിരിച്ചറിയൽ നടത്തിയത്. സഹോദരിയെ തട്ടിക്കൊണ്ടുപോയപ്പോൾ കാറിലുണ്ടായിരുന്നത് ഇവർ മൂന്ന് പേർ മാത്രമായിരുന്നുവെന്നാണ് സഹോദരൻ മൊഴി നൽകിയത്.
ആറ് വയസ്സുകാരിക്ക് ഉറങ്ങാൻ മരുന്നുകൾ നൽകിയെന്ന് പ്രതികൾ മൊഴി നൽകി. മൂവരെയും ഒരുമിച്ചിരുന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്തു. തുടർന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടി കരയാതിരിക്കാൻ അച്ഛന്റെ കൂട്ടുകാർ എന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്കൂൾ ബാഗ് നശിപ്പിച്ചുവെന്നും പ്രതികൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഒരു വർഷം മുമ്പാണ് വ്യാജ നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചത്. കൊല്ലം പള്ളിമുക്കിൽ നിന്നാണ് വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ചത്.
പ്രതികളെ പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നിരവധി നാട്ടുകാരാണ് സ്റ്റേഷനിൽ പ്രതികളെ കാണാനായി തടിച്ചു കൂടിയത്. മുഖം മറച്ച നിലയിലാണ് പ്രതികളെയെത്തിച്ചത്. തട്ടിക്കൊണ്ട് പോകൽ, കടബാധ്യത തീർക്കാനാണെന്നാണ് പത്മകുമാർ നൽകിയ മൊഴി. പണം ചോദിച്ച് പെൺകുട്ടിയുടെ അമ്മയെ വിളിച്ചത് ഭാര്യയെന്നും മൊഴി നൽകി. മകൾ അനുപമ അഞ്ച് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബറാണ്.