ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്. ഇപ്പോൾ വിഷയത്തിൽ വളരെ ശക്തമായ പ്രതികരണം നടത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വളരെ വലുതാണെന്നാണ് ഗീതു സഹപ്രവർത്തകരെ ഓർമ്മിപ്പിക്കുന്നത്.
ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്നാണ് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചത്. പൊരുതാനുള്ള അവളുടെ നിശ്ചയദാർഢ്യത്തിൻ്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിന്റെ അഭിപ്രായത്തെ പിന്തുണച്ച് നടി മഞ്ജു വാരിയരും രംഗത്തെത്തി.
‘പറഞ്ഞത് സത്യം’ എന്നായിരുന്നു വിഷയത്തിൽ മഞ്ജുവിൻ്റെ കമൻ്റ്. ഇരുവരുടെയും പ്രതികരണം സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. ഇതോടെ നിരവധി താരങ്ങളാണ് ഇരുവരെയും പിന്തുണച്ച് രംഗത്തെത്തുന്നത്.