അദാനി ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് ഗൗതം അദാനി പടിയിറങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2030-കളുടെ തുടക്കത്തോടെയാകും ഗൗതം അദാനി ചെയർമാൻ സ്ഥാനം രാജിവെയ്ക്കുക. ഗ്രൂപ്പിന്റെ നിയന്ത്രണം പൂർണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നതെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
ഇപ്പോൾ 62 വയസുള്ള ഗൗതം അദാനി തനിക്ക് 70 വയസാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം വരും തലമുറയ്ക്ക് നൽകാനാണ് തീരുമാനം. അതേസമയം, അദാനി ഗ്രൂപ്പിൻ്റെ അടുത്ത ചെയർമാനാകാൻ കൂടുതൽ സാധ്യത ഗൗതം അദാനിയുടെ മൂത്ത മകനും നിലവിൽ അദാനി പോർട്സ് മാനേജിങ് ഡയറക്ടറുമായ കരൺ അദാനിക്കാണ്.
അതോടൊപ്പം ഇളയ മകൻ ജീത് അദാനി, അനന്തരവന്മാരായ പ്രണവ് അദാനി, സാഗർ അദാനി എന്നിവരും ചെയർമാൻ സ്ഥാനങ്ങളിലേക്ക് എത്തിയേക്കും. എന്നാൽ ഇത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.