തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും ആവശ്യമെങ്കിൽ പേഴ്സണൽ സ്റ്റാഫിൻ്റെ എണ്ണം കുറയ്ക്കാമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന കെ.ബി.ഗണേഷ് കുമാർ. എന്നാൽ ഇത് സംബന്ധിച്ച് ആർക്കും ഔദ്യോഗിക കത്ത് നൽകിയിട്ടില്ലെന്ന് കേരള കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി സി.വേണുഗോപാലൻ നായർ വ്യക്തമാക്കി.
പുതിയ മന്ത്രിമാരായി കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേസമയം, സിനിമ വകുപ്പ് കൂടി തനിക്ക് വേണമെന്ന താൽപര്യവും ഗണേഷ് കുമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മന്ത്രി സജി ചെറിയാനാണ് സിനിമ വകുപ്പ് കൈകാര്യം ചെയ്യുന്നത്.
എന്നാൽ സോളർ കേസിൽ ഉൾപ്പെടെയുള്ള പങ്ക് ചൂണ്ടിക്കാട്ടി കെ.ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.