ആനപ്രേമികൾക്ക് എതിരെ കെബി ഗണേശ് കുമാർ എംഎൽഎ രംഗത്ത്. ആന പ്രേമികളെ ആദ്യം അടിച്ചോടിക്കണം. അവർ ചെയ്യുന്നത് മഹാ അന്യായമാണ്. അരിക്കൊമ്പൻ ചരിഞ്ഞാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആനപ്രേമികൾക്കായിരിക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
ആകാശത്തും ഭൂമിയിലുമല്ലാത്ത ത്രിശങ്കു സ്വർഗത്തിൽ അരിക്കൊമ്പനെ എത്തിച്ചതിന് പിന്നിൽ ആനപ്രേമികളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാട്ടാനയുടെ തുമ്പിക്കൈയിലെ മുറിവ് ഗുരുതരമാണ്.
അത് കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായതായിരിക്കാം. കടുവയെ പേടിച്ചാണ് അരിക്കൊമ്പൻ കാടിറങ്ങി കമ്പം, തേനി മേഖലയിലെത്തിയത്. അതുകൊണ്ടാണ് തിരിച്ചുകയറാൻ ഭയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പോക്ക് പോയാൽ മിക്കവാറും അരിക്കൊമ്പൻ അധികസമയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. കോടതി വിധി വരുമ്പോഴേക്കും കാര്യം കഴിയുമെന്നും ഗണേഷ്കുമാർ പറഞ്ഞു.
അരികൊമ്പൻ 33 മണിക്കൂർ മുമ്പ് എപ്പോഴോ ആണ് വെള്ളം കുടിച്ചത്. ആനക്കും ദൈവം തമ്പുരാനും മാത്രമേ എപ്പോഴാണ് വെള്ളം കുടിച്ചത് എന്നറിയുകയുള്ളൂ. പുറത്ത് വെള്ളം കോരി ഒഴിച്ചിട്ട് കാര്യമില്ല. ഡീ ഹൈഡ്രേഷൻ വന്നാൽ ആന ചരിഞ്ഞുപോവും. കോടതി ഉത്തരവ് കാത്തുനിന്നാൽ ആന ചരിഞ്ഞുപോവും. കേരളത്തിൽ വെച്ച് അടിച്ചതിനേക്കാൾ കൂടിയ ഡോസ് അടിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഈ പെരുംവെയിലത്ത് നിന്ന് ആന ഉറങ്ങില്ലെന്നും ഗണേഷ്കുമാർ ചൂണ്ടിക്കാട്ടി.
എലിഫന്റ് ആംബുലൻസിന്റെ പിന്നിൽ നിൽക്കാൻ കഴിയാത്തതിനാലാണ് അത് ഇരുന്ന് പോകുന്നത്. ഇരുന്നുപോയാൽ കിടന്നുപോകും. കിടന്നുപോയാൽ എഴുന്നേൽക്കാൻ കഴിയില്ല, ചരിഞ്ഞുപോവും. ആന വണ്ടിയിൽ നിന്ന് പെരുംവെയിൽ 250 കിലോമീറ്ററാണ് യാത്ര ചെയ്തതെന്നും കേസുകൊടുത്ത ദ്രോഹികളാണ് ഇതിനുപുറകിലുള്ള ആളുകൾ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.