യുഎഇയിൽ ഫീസടയ്ക്കാൻ സഹായം ആവശ്യപ്പെടുന്ന തരത്തിൽ വ്യാജ സന്ദേശങ്ങൾ ആളുകൾക്ക് ലഭിക്കുന്നുണ്ട് എന്ന മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. യുഎഇ പൗരന്മാർക്കും പ്രവാസി വിദ്യാർത്ഥികൾക്കുമാണ് മുന്നറിയിപ്പ് നൽകിയത്. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കായി ധനസഹായം ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് പ്രചരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
യുഎഇ നടപ്പിലാക്കിയിട്ടുള്ള വിദേശ പദ്ധതികളുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് സന്ദേശങ്ങൾ. വിദ്യാർത്ഥികൾക്ക് വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം സാധ്യമാക്കാനും, അവരുടെ പഠനം പൂർത്തീകരിക്കാൻ ഫീസ് ആവശ്യപ്പെട്ടുമുള്ള എസ്എംഎസുകളും ഇമെയിലുകളും അയയ്ക്കുന്നുണ്ടെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
പൊതുജനങ്ങൾ ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് എന്തെല്ലങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉണ്ടായാൽ 097180024 എന്ന നമ്പറിൽ ബന്ധപ്പെടാനും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.