ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം സ്വദേശിയുടെ പരാതിയിൽ കോടതി നിർദേശപ്രകാരം കണ്ണൂർ ടൗൺ പൊലീസാണ് കേസ് എടുത്തത്.
കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ ശ്രീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. ഉഡുപ്പി സ്വദേശികളായ രാജീവ്കുമാർ, കെ. വെങ്കിടേഷ് കിനി എന്നിവർ പണം വാങ്ങിയതായി പരാതിയിലുണ്ട്. കേസിൽ മൂന്നാം പ്രതിയാണ് ശ്രീശാന്ത്.
അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വില്ല ലഭിക്കാതായതോടെ പണം തിരികെ ചോദിച്ചപ്പോൾ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും ഹരജിയിൽ പറയുന്നുണ്ട്. പിന്നീട് നടപടിയില്ലാതായതോടെ പരാതിക്കാരൻ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് ഹർജി നൽകുകയായിരുന്നു.