വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8), ജെസ്വിൻ (5) എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ വീടിന്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തമുണ്ടായത്. മരിച്ച നാല് പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. കുടുംബം ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ല എന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
അപകടത്തേത്തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. വിവരമനുസരിച്ച് മുകൾ നിലയിൽ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയിൽ തീ പടർന്നിരുന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമല്ല.