തൃശ്ശൂർ ചേർപ്പ് പടിഞ്ഞാട്ടുമുറി വല്ലച്ചിറക്കാരൻ തോമസിന്റെ ഏകവരുമാന മാർഗ്ഗമായിരുന്നു പശുക്കൾ. ഈ വരുമാന മാർഗ്ഗം ഞൊടിയിടയിൽ ഇല്ലാതായിപ്പോയി! എങ്ങനെ സഹിക്കും ഈ നഷ്ടം.. ആകെ അഞ്ചു പശുക്കളായിരുന്നു തോമസിനുണ്ടായിരുന്നത്. അതിൽ നാലെണ്ണം ഒറ്റയടിക്ക് ഷോക്കേറ്റ് ചത്തു.
പാൽ കറക്കുന്നതിനിടെയാണ് നാല് പശുക്കൾ ഷോക്കേറ്റ് ചത്തത്. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ സംഭവമുണ്ടായത്. തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിൽ മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു.
പശുക്കളെ കറക്കുകയായിരുന്ന സമയത്ത് തൊഴുത്തിൽ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്നാണ് എന്ന് കരുതുന്നു.