രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നതിനാൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് യാത്രയയപ്പ് ചടങ്ങുകൾ നടക്കും. വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരുപാടി ഒരുക്കിയിരിക്കുന്നത്. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, എംപിമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനായി അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച വിരുന്നിൽ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട അതിഥികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവും അത്താഴ വിരുന്നിൽ പങ്കെടുത്തു.
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി തുടങ്ങിയവരും വിരുന്നിൽ എത്തിയിരുന്നു. പത്മ പുരസ്‌കാര ജേതാക്കൾ, ഗോത്രവർഗ നേതാക്കളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖർ അത്താഴവിരുന്നിൽ പങ്കെടുത്തു. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കും. ജൂലൈ 25 തിങ്കളാഴ്ച നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്ക്കും.