വയനാട്ടിലെ പടമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം കര്‍ണാടക സര്‍ക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക നിരസിച്ചു. നഷ്ടപരിഹാരം നൽകാനുള്ള സർക്കാരിന്റെ തീരുമാനം ബി.ജെ.പി കർണാടകയിൽ വിവാദമാക്കിയ സാഹചര്യത്തിലാണ് 15 ലക്ഷം രൂപ അജീഷിന്റെ കുടുംബം വേണ്ടെന്ന് വെച്ചത്. ബിജെപിയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് കുടുംബം ആരോപിച്ചു.
ഫെബ്രുവരി പത്തിനായിരുന്നു ബേലൂർ മഗ്ന എന്ന കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടത്. കർണാടക വനംവകുപ്പ് ബേലൂരിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ആനയാണ് ജനവാസ മേഖലയിലെത്തി അജീഷിനെ ആക്രമിച്ചത്. സംഭവത്തിന് ശേഷം രാഹുൽ ഗാന്ധി എംപി അജീഷിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഇതിന് പിന്നാലെ കർണാടക മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതോടെയാണ് സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയുമായിരുന്നു. നിലവിൽ കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് നൽകുന്ന അതേ തുകയാണ് അജീഷിൻ്റെ കുടുംബത്തിനും നൽകുന്നത്.
എന്നാൽ കേരളത്തിലേക്ക് നഷ്ടപരിഹാരം നൽകുന്നതിനെതിരെ കർണാടകയിലെ പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഈ പണം തങ്ങൾക്ക് വേണ്ടെന്ന നിലപാടിൽ കുടുംബം എത്തിയത്. രാഹുൽ ഗാന്ധിയോടും കർണാടക സർക്കാറിനോടും നന്ദിയുണ്ടെന്നും കുടുംബം അറിയിച്ചു. തീരുമാനം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കുമെന്നും കുടുംബം വ്യക്തമാക്കി.