തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സജ്ജീകരണമൊരുക്കിയെന്നുമുള്ള അവകാശവാദങ്ങൾക്കിടയിൽ പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നു. പൊന്നുരുന്നിയിലെ ബൂത്ത് നമ്പര്‍ 66ലാണ് കള്ളവോട്ട് ചെയ്യാനുള്ള ശ്രമം യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. ടി എം സഞ്ജു എന്നയാളുടെ പേരിലായിരുന്നു കള്ളവോട്ട് ചെയ്യാന്‍ ശ്രമം. ഇയാളെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് മാറ്റി.
പൊന്നുരുന്നി സി കെ സി എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. സീരിയല്‍ നമ്പര്‍ 183 ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകർ ഒന്നടങ്കം ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ പ്രവര്‍ത്തകര്‍ ഇയാളുടെ വീട്ടുപേരും മാതാപിതാക്കളുടെ പേരുകളുമടക്കം വ്യക്തിഗത വിവരങ്ങള്‍ തിരക്കിയപ്പോൾ കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതിരുന്നതോടെയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
49.41% പോളിംഗാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ട് ചെയ്യാന്‍ സമ്മതിദായകരുടെ നീണ്ട നിരയാണ് പലയിടത്തും ഉള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 97,252 പേർ പേരാണ്.