റീ എന്‍ട്രി വിസയുളള പ്രവാസികൾ രാജ്യം വിട്ടശേഷം നിശ്ചിത സമയത്തിനുളളില്‍ തിരികെയെത്തിയില്ലെങ്കില്‍ പ്രവേശന വിലക്കെന്ന് സൗദി. മൂന്ന് വര്‍ഷത്തേക്ക് വിലക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. അല്ലാത്തപക്ഷം തൊഴിലുടമ പുതിയ വിസ അനുവദിക്കണമെന്നും ജവാസത്ത് അറിയിച്ചു.
റീഎൻട്രി വിസയുടെ കാലാവധി അവസാനിക്കുന്ന തീയതി മുതലാണ് മൂന്നുവർഷത്തെ കാലയളവ് കണക്കാക്കുന്നത്. അതേസമയം ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ലെന്നും ജവാസത്ത് വ്യക്തമാക്കി. ഇത്തരക്കാര്‍ കാലാവധിക്കുള്ളിൽ മടങ്ങിയെത്തിയില്ലെങ്കിലും പ്രവേശന വിലക്കുണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു. എന്നാല്‍ സ്പോണ്‍സരുടെ ‘അബ്ഷിർ’ പ്ലാറ്റ്ഫോമിൽ അവരുണ്ടെങ്കിൽ ഇ-സർവിസ് പ്ലാറ്റ്ഫോം വഴി വിസ കാലവധി അവസാനിച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കും.
അതേസമയം മടങ്ങിയെത്താത്തവരുടെ വിവരങ്ങൾ വിസ കാലാവധി കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പാസ്‌പോർട്ട് വകുപ്പിന്റെ ഔദ്യേഗിക രേഖകളിൽ സ്വയമേവ രേഖപ്പെടുത്തും. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കാന്‍ പഴയപോലെ ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും ജവാസാത്ത് അറിയിച്ചു.