യുഎഇയിലെ റെയില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്ന് യൂറോപ്യൻ കമ്പനികളുമായി ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പിട്ടു. ചരക്ക് ഗതാഗതം ,യാത്ര മേഖലകൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ധാരണ. ഇതിനായി അറിവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ധാരണാപത്രം ഒപ്പുവച്ചത്.
സ്പെയിനിന്‍റ ദേശീയ റെയില്‍വേ സംവിധാനത്തെ നയിക്കുക റെന്‍ഫെ, യുകിയിലെ ആദ്യ ഹൈസ്പീഡ് റെയില്‍ കമ്പനിയായ ഹൈസ്പീഡ്-1 ബ്രിട്ടീഷ് ചരക്ക് റെയില്‍ കമ്പനിയായ ജിബി റെയില്‍ ഫ്രൈറ്റ് എന്നീ കമ്പനികളുമായാണ് ധാരണാപത്രം ഒപ്പുവച്ചത്. ഈ കമ്പനികളെ സഹകരിപ്പിച്ചുകൊണ്ടാകും ഇനി ഇത്തിഹാദിന്‍റെ മുന്നേറ്റം.
ഇത്തിഹാദ് റെയില്‍വേ സംഘടിപ്പിച്ച മിഡില്‍ ഈസ്റ്റ് റെയില്‍ -2022 പരിപാടിയുടെ ഭാഗമായാണ് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചത്. ദേശീയ റെയില്‍ ശൃംഖല മെച്ചപ്പെടുത്തുന്നതിനും മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനും നിരന്തര ശ്രമങ്ങളുണ്ടെന്ന് ഇത്തിഹാദ് റെയില്‍ സിഇഒ ശാദി മലക് പറഞ്ഞു. ഊര്‍ജ അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്‍റേയും അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പിന്‍റേയും പങ്കാളിത്തവും മിഡില്‍ ഈസ്റ്റ് റെയില്‍ -2022 പരിപാടിയില്‍ ഉണ്ടായിരുന്നു.