സ്വപ്ന പദ്ധതികൾ പൂര്‍ത്തിയാക്കാനുളള തത്രപ്പാടില്‍ പരിസ്ഥിതിയെ മറക്കില്ലെന്ന് ഇത്തിഹാദ് റെയിലിന്‍റെ ഉറപ്പ്. യുഎഇയുടേയും അറബ് മേഖലയുടെയേും ഗതാഗത മേഖലയിലെ കുതിച്ചുചാട്ടത്തിന് കരുത്താകുന്ന ഇത്തിഹാദ് റെയില്‍ നിര്‍മ്മാണത്തില്‍ അബുദാബി പരിസ്ഥിതി ഏജന്‍സിയും കൈകോര്‍ക്കുന്നു.
സൗദി അതിര്‍ത്തിയില്‍ തുടങ്ങി അബുദാബി, ദുൈബ, ഷാര്‍ജ, ഫുജൈറവഴി 1200 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന റെയില്‍ പാതയില്‍ മരങ്ങൾക്കൊ, കുറ്റിച്ചെടികൾക്കൊ, ജീവജാലങ്ങൾക്കൊ ആഘാതമുണ്ടാക്കില്ലെന്ന് ഡെപ്യൂട്ടി പ്രോജക്ട് മാനേജർ ഖലൂദ് അൽ മസ്റൂയി പറഞ്ഞു.
വായു, വനം , ശബ്ദം , പരിസ്ഥിതി മേഖലയിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക പഠന സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. മരുഭൂമിയിലെ പ്രകൃതി സവിശേഷതയും ജൈവസന്തുലനവും പഠനവിധേയമാക്കിയാകും റെയില്‍വേ നിര്‍മ്മാണം. റെയില്‍പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ മരങ്ങളും കുറ്റിച്ചെടികളും ഇതിനകം മാറ്റി നടുന്നുണ്ട്.
പാരമ്പര്യ ശ്രേണിയില്‍പ്പെട്ട ഗാഫ്, സിദ്ര്‍, ഈന്തപ്പന എന്നിവ സംരക്ഷിക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ട്. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളില്‍ വന്യജീവി ഇടനാഴികളും പദ്ധതിയുടെ ഭാഗമാണ്. ഇത്തരത്തില്‍ 95 ക്രോസിംഗുകളാണുളളത്. ജീവജാലങ്ങളുടെ സംരക്ഷിത മേഖലയില്‍ ട്രെയിനുകളുടെ വേഗതയും കുറയ്ക്കും.
ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതിയുെട ഭാഗം കൂടിയാണ് ഇത്തിഹാദ് റെയില്‍. ദേശീയ റെയില്‍ പദ്ധതിയില്‍ പാസഞ്ചര്‍ ട്രെയിനുകളും ചരക്കുവാഹനങ്ങളും കടന്നുപോകും.