നടിയുടെ പരാതിയേത്തുടർന്ന് പൊലീസ് കേസെടുത്ത മുകേഷ് എം.എൽ.എയ്ക്ക് താത്കാലിക ആശ്വാസം. അഞ്ച് ദിവസത്തേയ്ക്ക് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. മുകേഷ് നല്കിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
സെപ്റ്റംബർ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതാണ് കോടതി തടഞ്ഞത്. കേസ് സെപ്റ്റംബർ 3ന് കോടതി വീണ്ടും പരിഗണിക്കും. തുടർന്നായിരിക്കും ജാമ്യത്തിൽ തീർപ്പ് കല്പിക്കുക. നടിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് മുൻകൂർ ജാമ്യ ഹർജിയുമായി മുകേഷ് കോടതിയെ സമീപിച്ചത്.
കേസിൽ തന്നെ ബ്ലാക്മെയിൽ ചെയ്തതുൾപ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാൽ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു എന്നായിരുന്നു മുകേഷിൻ്റെ വാദം.