നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കൊല്ലം എം.എൽ.എ മുകേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. സി.പി.ഐയിൽ നിന്ന് ഉൾപ്പെടെ മുകേഷ് രാജി വെക്കണമെന്നുള്ള സമ്മർദം ശക്തമാകുന്നതിനിടെയാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
തെറ്റ് ചെയ്‌തവർക്കെതിരെ നടപടിയുണ്ടാകും. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവെച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്‌ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. മുകേഷിന്റെ രാജി ആവശ്യപ്പെടുന്നെങ്കിൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികൾ വരട്ടെ.
ഇക്കാര്യത്തിൽ സി.പി.എം ഉന്നതമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സ്ത്രീ സംരക്ഷണത്തിന് വേറൊരു സർക്കാരും ഇത്ര നടപടികളെടുത്തിട്ടില്ല. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ ആർക്കും കുറ്റം പറയാൻ കഴിയില്ല. ഇതുപോലൊരു അന്വേഷണസംഘം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഒരാളോടും പ്രത്യേക മമതയില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.