മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ചതായും ദൗത്യം വിജയകരമാണെന്നും വെളിപ്പെടുത്തി ന്യൂറാലിങ്ക് സ്ഥാപകൻ ഇലോൺ മസ്ക്. മനുഷ്യ മസ്തിഷ്കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016-ലാണ് ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചയാൾ സുഖം പ്രാപിച്ചുവരുന്നതായും പ്രാരംഭ ഫലങ്ങൾ ശുഭസൂചകമാണെന്നും ഇലോൺ മസ്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
അഞ്ച് നാണയങ്ങൾ ഘടിപ്പിച്ച് വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സർജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്. പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങൾക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിൻ്റെ പ്രധാന ലക്ഷ്യം. ചിന്തിക്കുമ്പോൾ തന്നെ ഫോണോ കമ്പ്യൂട്ടറോ അത് നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാൾക്ക് പ്രവർത്തിപ്പിക്കാനാകുമെന്ന് മസ്ക് എക്സിൽ കുറിച്ചു.
അംഗഭംഗം വന്നവരായിരിക്കും തുടക്കത്തിൽ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കൾ. ടെലിപ്പതി എന്നാണ് ന്യൂറാലിങ്കിന്റെ ആദ്യത്തെ പ്രൊഡക്ടിന്റെ പേരെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്കത്തിൽ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചത്. മുമ്പ് ഈ പരീക്ഷണം നടത്തിയ കുരങ്ങുകൾക്ക് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ നേരിട്ടത് വലിയ വിവാദമായിരുന്നു.