ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്. ഏറെക്കാലം ലോകസമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലുണ്ടായിരുന്ന ബിൽ ഗേറ്റ്സിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മസ്‌കിൻ്റെ കുതിച്ചുചാട്ടം.
14-ാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ മാലി സാമ്രാജ്യം ഭരിച്ചിരുന്ന മൻസ മൂസ എന്ന ചക്രവർത്തിയായിരുന്നു ഇതുവരെ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായി കണക്കാക്കിയിരുന്ന വ്യക്തി. 400 ബില്യൺ ആയിരുന്നു മൂസയുടെ സമ്പത്തിന്റെ ഏകദേശ കണക്ക്. എന്നാൽ ഇതിനെയാണ് മസ്ക് മറികടന്നത്. 400 ബില്യൺ എന്ന കണക്ക് കടക്കുന്ന ആദ്യത്തെ വ്യക്തിയായും ഇതോടെ മസ്‌ക് മാറി.
ആഗോള സാമ്പത്തിക കണക്കുകൾ നിരീക്ഷിക്കുന്ന ബ്ലൂംബെർഗ് സൂചികയാണ് മസ്കിന്റെ പുതിയ റെക്കോഡ് ലോകത്തെ അറിയിച്ചത്. മസ്കിന്റെ ബഹിരാകാശ നിരീക്ഷണ കമ്പനിയായ സ്പേസ് എക്‌സിന് ഓഹരിയിൽ ലഭിച്ച നേട്ടമാണ് സമ്പത്ത് പെട്ടെന്ന് കൂടാൻ കാരണം. അതോടൊപ്പം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും മസ്‌കിൻ്റെ സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി കണക്കാക്കുന്നുണ്ട്.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ സന്തതസഹചാരിയായിരുന്നു മസ്‌ക്. ഇത് മസ്‌കിന്റെ ഓഹരിമൂല്യം കൂട്ടുന്നതിന് കാരണമായിരുന്നു. ഇതിന് പിന്നാലെ ട്രംപ് വിജയിച്ചത് ടെസ്‌ലയുടെ ഓഹരി മൂല്യം 65 ശതമാനം ഉയർത്തുന്നതിന് കാരണമായി. ഇതും മസ്കിന് വളരെ ഗുണം ചെയ്തുവെന്നാണ് റിപ്പോർട്ട്.