ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഉടമയായ ഇലോൺ മസ്ക് വിരമിക്കുന്നു. താൻ വിരമിക്കുകയാണെന്നും എൻബിസി യൂണിവേഴ്സൽ കോംകാസ്റ്റ് എൻബിസിയൂണിവേർസൽ എക്സിക്യൂട്ടീവ് ലിൻഡ യാക്കറിനോയെ തന്റെ പകരക്കാരി ആക്കുകയാണെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. 6 ആഴ്ചയ്ക്കുള്ളിൽ ലിൻഡ യാക്കറിനോ ട്വിറ്റർ സിഇഒ ആയി ചുമതലയേൽക്കും.
ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കിയാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ റോളിലേക്ക് താന്‍ മാറുമെന്നും എക്സിക്യൂട്ടീവ് ചെയർ, സിടിഒ, സോഫ്റ്റ്‌വെയർ, സിസോപ്പുകൾ എന്നിവയുടെ മേൽനോട്ടമാണ് താൻ വഹിക്കുകയെന്നും മസ്ക് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ മാസം മയാമിയിൽ നടന്ന ഒരു കോൺഫറൻസിനിടെ യാക്കറിനോയും മസ്കും കണ്ടിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് യാക്കറിനോ ഇതുവരെ പ്രതികരിച്ചില്ല.
ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ വേണ്ടയോ എന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ മസ്ക് കുറച്ചുനാൾ മുമ്പ് വോട്ടെടുപ്പ് നടത്തിയിരുന്നു. അതിൽ 57.5 ശതമാനം പേരും മസ്ക് ആ സ്ഥാനത്ത് തുടരേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 42.5 ശതമാനം പേർ മാത്രമാണ് മസ്ക് സിഇഒ സ്ഥാനത്ത് തുടരണമെന്ന് അഭിപ്രായപ്പെട്ടിരുന്നത്. ഇതിനുപിന്നാലെയാണ് ട്വിറ്റർ സിഇഒ സ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചത്. മസ്ക് വിരമിക്കുന്ന വാർത്തയെ ടെസ്‌ല നിക്ഷേപകർ ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്യുന്നത്. 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങിയത് മുതൽ മസ്‌ക് തന്റെ ഇവിയിലും സ്വയംഭരണ കാർ സംരംഭത്തിലുമാണ് സമയം ചിലവഴിക്കുന്നതെന്ന അഭിപ്രായം ഇതിനോടകം അവരിൽ പലരും പറഞ്ഞിരുന്നു.