ഏപ്രിൽ 30 ശനിയാഴ്ച മാസപ്പിറവി ദർശിക്കാൻ കഴിയാഞ്ഞതോടെ ഈദ് അൽ ഫിത്തർ മെയ് രണ്ടിനെന്ന് ഉറപ്പായതായി അധികൃതർ. സൗദി റോയൽ കോർട്ടിനും സുപ്രീം കോടതിയ്ക്കും പിന്നാലെ യുഎഇ ചാന്ദ്ര ദർശന സമിതിയും ഈദ് അൽ ഫിത്തർ മെയ് 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു. മെയ് 1 ഞായറാഴ്ച റമദാനിന്റെ അവസാന ദിവസമായിരിക്കും.
സൗദിയിലെ പ്രധാന കേന്ദ്രങ്ങളായ തുമൈര്‍, ഹുത്ത, സുദൈര്‍, ത്വാഇഫ് എന്നിവിടങ്ങളിലൊന്നും മാസപ്പിറവി ദർശിക്കാൻ കഴിഞ്ഞില്ല . നേരത്തെ തന്നെ ചെറിയ പെരുന്നാൾ മെയ് രണ്ടിന് ആയിരിക്കുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം വിദഗ്ദ്ധർ സൂചിപ്പിച്ചിരുന്നു.
ഹിജ്‌റി കലണ്ടർ പ്രകാരം റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാലിന്റെ ആദ്യ ദിവസമാണ് ഈദ് അൽ ഫിത്തർ. അതേസമയം വ്രത പുണ്യത്തിന്റെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് വിശ്വാസികൾ. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി യുഎഇയിൽ ആഘോഷങ്ങൾക്ക് പ്രത്യേക മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.