കോവിഡ് ആഘോഷം മുടക്കിയ രണ്ട് വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി ഇക്കുറി ഈദ് അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ് ഉൾപ്പെടെയുളള നഗരങ്ങൾ. യുഎഇയുടെ വിവിധ ഇടങ്ങളങ്ങളില്‍ ആഘോഷപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾക്കും ആഘോഷങ്ങളുടെ ദിവസങ്ങളാണ്. മലയാള സിനിമാതാരങ്ങളുടേയും മിമിക്രി താരങ്ങൾ ഉൾപ്പടെ ഇതര കലാകാരന്‍മാരുടേയും പ്രകടനത്തിനും യുഎഇ വരും ദിവസങ്ങളില്‍ സാക്ഷ്യം വഹിക്കും. ഈദ് അവധിയോടനുബന്ധിച്ച് നിരവധി മെഗാഷോകളാണ് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനികൾ ഒരുക്കിയിട്ടുളളത്.
അതേസമയം യുഎഇയിലെ പരമ്പരാഗ ആഘോഷങ്ങളും ഇക്കുറി സജീവമാകും.
പാം െഎലന്‍റിന്‍റെ ഭാഗമായുളള ദി പോയിന്‍റില്‍ ഈദുൾ ഫിത്തറിന്‍റെ ആദ്യ ദിനം വര്‍ണാഭമായ കരിമരുന്ന് പ്രയോഗം നടക്കും. രാത്രി ഒന്‍പതിനാണ് കരിമരുന്ന് പ്രയോഗം. ദുബായ് മറീനയ്ക്ക് തൊട്ടപ്പുറത്തുളള ബ്ലൂവാട്ടേഴ്സ് ദ്വീപില്‍ ഈദിന്‍റെ രണ്ടാം ദിവസം രാത്രി ഒന്‍പതിന് ആകാശവെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്.
ഗ്ലോബല്‍ വില്ലേജ്, ദുബായ് ഫെസ്റ്റിവല്‍ മാൾ, യാസ് ദ്വീപ് തുടങ്ങി വിവിധ ഇടങ്ങളില്‍ ആഘോഷ പരിപാടികളും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഷോപ്പിംഗ് മാളുകൾ ആഘോഷപരിപാടികൾക്കൊപ്പം ഓഫറുകളും പ്രഖ്യപിച്ചിട്ടുണ്ട്.