തിരണ്ടി മത്സ്യ വിഭാഗത്തില്‍പ്പെട്ട പുതിയ ഇനത്തെ കണ്ടെത്തിയതായി
അബുദാബി പരിസ്ഥിതി ഏജന്‍സി. 2016-ൽ നടത്തിയ ഫിഷറീസ് റിസോഴ്‌സ് അസസ്‌മെന്റിൽ അറേബ്യൻ ഗൾഫിൽ നിന്ന് ശേഖരിച്ച മാതൃകകളിൽ നിന്നാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്നും പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി.
എലാസ്മോബ്രാഞ്ച് വിഭാഗത്തിലെ സ്രാവുകൾ , തിരണ്ടികൾ ഉൾപ്പെടെയുളള മത്സ്യങ്ങളുടെ മാതൃകകൾക്കൊപ്പമാണ് സാമ്പിളുകൾ ശേഖരിച്ചത്. നേരത്തെ തന്നെ ഇത്തരം ഈഗിൾ റേ വിഭാഗത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിലും സൂക്ഷ്മമായ പരിശോധനയ്ക്കും അതിന്‍റെ ഭൗതീക വിവരണം വ്യക്തമാക്കുന്ന ശാസ്ത്രീയ പ്രബന്ധം തയ്യാറാക്കിയതിനും ശേഷമാണ് കണ്ടെത്തല്‍ പ്രഖ്യാപിച്ചത്.
കാഴ്ചയില്‍ സാമ്യമുണ്ടെങ്കിലും പുതിയ ഇനങ്ങളെ സമാന സ്പീഷീസുകളിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയും. മുതുകിലെ പ്രതലത്തിൽ കൂടുതൽ ഇളം നീല വരകൾ, ടൂത്ത് പ്ലേറ്റ് നിരകളുടെ എണ്ണം, ഒരു ചെറിയ വാൽ എന്നിവയാണ് ഇവയുടെ പ്രത്യേകതയെന്ന് 2022 ഫെബ്രുവരി 11-ന് പ്രസിദ്ധീകരിച്ച മറൈൻ ബയോഡൈവേഴ്‌സിറ്റി ജേണലിൽ പറയുന്നു.
അബുദാബിയിൽ ഈഗിൾ റേയുടെ പുതിയ ഇനം കണ്ടെത്തിയത് വളരെ ആവേശകരമാണെന്ന് EAD-ലെ ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്‌സിറ്റി ഡിവിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഒരു കൂട്ടം ജീവജാലങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞത് സമുദ്ര ജൈവവൈവിധ്യത്തിന്റെ സമൃദ്ധി വ്യക്തമാക്കുന്നതാണ്.
കൃത്യമായ ശാസ്ത്രീയ രീതികൾ സ്വീകരിക്കുന്നതിനാല്‍ ഭാവിയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി മത്സ്യബന്ധന സർവേകൾ യുഎഇ ജലാശയങ്ങളിലെ സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും അവ ഇതര വകഭേദങ്ങളുമായി താരതമ്യം ചെയ്ത് പഠനവിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.