മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. നിർമ്മാതാക്കളിലൊരാളായ ഷോൺ ആൻ്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവരെയും ചോദ്യം ചെയ്യും.
സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് ഇഡിയ്ക്ക് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരേ ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്. ചിത്രത്തിൻ്റെ നിർമ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു ആരോപണം.
തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്ന് പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടൽ. സിനിമയുടെ നിർമ്മാണവുമായി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും.